മഴ അവധി ദിനത്തിലും സ്കൂൾവിക്കി ജില്ലാതല അധ്യാപക പരിശീലനം
ജില്ലാ കളക്ടർ സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ച ദിനത്തിലും വിദ്യാലയങ്ങളുടെ വിവരശേഖര പോർട്ടലായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലന ശിൽപശാല ശ്രദ്ധേയമായി. ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രായോഗിക പരിശീലനത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 130-ലധികം അധ്യാപകർ പങ്കെടുത്തു.
മാസ്റ്റർ ട്രെയിനർ മിഥുൻ ടി.വി പരിശീലന ക്ലാസ് നയിച്ചു. സ്കൂൾവിക്കി യൂസർ ലോഗിൻ, പുതിയ പേജ് നിർമ്മാണം, വിവരങ്ങൾ ചിട്ടപ്പെടുത്തൽ, മലയാളം ടൈപ്പിംഗ്, ഫോട്ടോകൾ അപ്‌ലോഡ് ചെയ്യൽ, സ്കൂൾ പ്രവർത്തനങ്ങളുടെ തത്സമയ ഡോക്യുമെന്റേഷൻ എന്നിവയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകി. ഭൂരിഭാഗം അധ്യാപകരും ആദ്യമായി തങ്ങളുടെ സ്കൂളുകളുടെ സ്കൂൾവിക്കി പേജുകൾ സ്വന്തമായി എഡിറ്റ് ചെയ്യാനും വിവരങ്ങൾ പുതുക്കാനും തുടങ്ങി.
മാസ്റ്റർ ട്രെയിനർമാരായ ബാബു എൻ.കെ, അഖില സി.എ, കിരൺ കുമാർ എന്നിവർ അധ്യാപകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ടെക്നിക്കൽ അസിസ്റ്റന്റ് ഷിതിൻ ശിൽപശാലയ്ക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി. അധ്യാപകർക്ക് സ്കൂൾവിക്കി പേജുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിന് വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു ഈ പരിശീലന പരിപാടി.
No comments:
Post a Comment